ലൂണയുമായുള്ള കരാര്‍ നീട്ടി ബ്ലാസ്‌റ്റേഴ്‌സ്‌; ഐഎസ്‌എല്ലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനെന്ന് വുകോമനോവിച്ച്‌

 


കൊച്ചി : മധ്യനിര താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക്‌ കൂടി ബ്ലാസ്റ്റേഴ്സ് നീട്ടി. നേരത്തേ രണ്ട്‌ വര്‍ഷത്തെ കരാറിലാണ്‌ ഉറുഗ്വേന്‍ അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.

പുതിയ കരാര്‍ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബില്‍ തുടരും. നേരത്തേ കഴിഞ്ഞ സീസണിലെ പ്രമുഖ വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടതിനാല്‍ ആരാധകര്‍ ലൂണയുടെ കാര്യത്തില്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ നീട്ടിയതിന്‍റെ ആശ്വാസത്തിലാണ് ആരാധകരും.

ആദ്യ സീസണില്‍ വൈസ്‌ ക്യാപ്‌റ്റനായിരുന്ന അഡ്രിയാന്‍ ലൂണ, ജെസെല്‍ കര്‍ണെയ്‌റോ പരിക്കേറ്റ്‌ പുറത്തായതോടെ ക്യാപ്‌റ്റനായി. ബ്ലാസ്‌റ്റേഴ്‌സിലെ ആദ്യ സീസണില്‍ ആറ്‌ ഗോളുകള്‍ നേടിയ ലൂണ ഏഴ്‌ ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നല്‍കിയ ലൂണ ഐഎസ്‌എല്‍ ഓഫ്‌ ദി ഇയര്‍ ടീമിലും ഇടംനേടിയിരുന്നു. ഉറുഗ്വേയിലെ ക്ലബ്ബ്‌ അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്‌, ഡിഫെന്‍സര്‍ സ്‌പോര്‍ടിങ്‌ എന്നിവയ്‌ക്കായി ലൂണ കളിച്ചിട്ടുണ്ട്. 2010ല്‍ ഡിഫെന്‍സറില്‍ ആദ്യമായി സീനിയര്‍ കുപ്പായത്തില്‍ ഇറങ്ങി. പിന്നീട് സ്‌പാനിഷ്‌ ക്ലബ്ബുകളായ എസ്‌പാന്യോള്‍, ജിംനാസ്‌റ്റിക്‌, സിഇ സബാഡെള്‍ എന്നിവയില്‍ വായ്‌പാടിസ്ഥാനത്തില്‍ എത്തി. പിന്നീട് മെക്‌സിക്കോയില്‍ എത്തിയ ഈ ഇരുപത്തൊന്‍പതുകാരന്‍ അവിടെ ടിബുറോനെസ്‌ റോഹാസ, വെനാഡോസ എഫ്‌സി ടീമുകളെ പ്രതിനിധീകരിച്ചു. ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ട ലൂണ രണ്ട്‌ വര്‍ഷത്തിനിടെ 51 മത്സരങ്ങളില്‍ കളിച്ചു. 2009ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌, 2011ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പ്‌ എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്‌.

Post a Comment

Previous Post Next Post