ഇരിട്ടി: ഭാരം താങ്ങി തളര്‍ന്ന ഇരിട്ടി പഴയ പാലത്തിന്റെ പ്രൗഢി നിലനിര്‍ത്താനും സംരക്ഷിക്കാനും അറ്റകുറ്റപ്പണി തുടങ്ങി.
ഇരിട്ടിയുടെ അടയാളമായും ചരിത്രശേഷിപ്പായും നിലനില്‍ക്കുന്ന പഴയപാലം ആരാലും ശ്രദ്ധിക്കപ്പെടാതെ തകര്‍ച്ച ഭീഷണി നേരിടുകയായിരുന്നു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നീണ്ടകാലത്തെ മുറവിളിക്കുശേഷം യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ട അറ്റകുറ്റപ്പണിക്കായി 12 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അനുവദിച്ചു.
മേല്‍ക്കൂരയിലെ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പാലത്തിനിരുവശങ്ങളിലും അടിഞ്ഞുകൂടിയ ചളി നീക്കുന്നതിനും തുരുമ്ബെടുത്ത ഭാഗങ്ങള്‍ പെയിന്റിങ് നടത്തുന്നതിനുമുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്.
എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരുമാസംകൊണ്ട് പെയിന്റിങ് ഒഴികെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ യാത്രനിരോധന ബോര്‍ഡുകളും വേലിയും സ്ഥാപിച്ചു.
1933ല്‍ ബ്രിട്ടീഷുകാര്‍ വ്യാപാരാവശ്യാര്ഥമാണ് ഇരിട്ടി പാലം നിര്‍മിച്ചത്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൂറ്റന്‍ തൂണുകളാല്‍ ഇരുകരകളെയും ബന്ധിപ്പിച്ച പാലം ബ്രിട്ടീഷുകാരുടെ സാങ്കേതികത്തികവിന്റെ പ്രതീകമായിരുന്നു. ഏത് കുത്തൊഴുക്കിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കരിങ്കല്‍ തൂണുകളും എത്രഭാരവും താങ്ങാനുള്ള പാലത്തിന്റെ ശേഷിയും വിദഗ്ധരെപോലും അതിശയിപ്പിച്ചിരുന്നു. 90 വര്‍ഷത്തോടടുത്തിട്ടും കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ല.
ഗതാഗത സംവിധാനങ്ങള്‍ വികസിച്ചതോടെ പഴയ പാലത്തിന്റെ വീതിക്കുറവ് ഗതാഗത സ്തംഭനത്തിന് കാരണമായതും പാലത്തിന്റെ മേല്‍ക്കൂര വാഹനം ഇടിച്ച് നിരവധി തവണ തകരാനിടയായതും കണക്കിലെടുത്താണ് പുതിയ പാലം നിര്‍മിച്ചത്. നാലുവര്‍ഷം കൊണ്ടാണ് പഴയ പാലത്തിന് സമീപത്തായി പുതിയ പാലം നിര്‍മിച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന സമയത്ത് പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും വാഗ്ദാനം നല്‍കിയിരുന്നു.

Post a Comment