സെക്രട്ടറിയേറ്റിനകത്തും പരിസരത്തും സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് അനുമതി ഇല്ല; സർക്കാർ ഉത്തരവ്

 


തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പരിസരത്തും സിനിമാ-സീരിയല്‍-ഡോക്യുമെന്ററി ചിത്രീകരണത്തിന് അനുമതിയില്ലെന്ന്  സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍.

കഴിഞ്ഞ മാസം ആഭ്യന്തര വകുപ്പ് പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സെക്രട്ടറിയേറ്റിലും പരിസരത്തും ചിത്രീകരണത്തിന് അനുമതി തേടി നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ നിരവധി അപ്രായോഗികതകള്‍ ഉള്ളതിനാല്‍ അനുമതി നല്‍കുന്നതിന് പരിമിതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


ചിത്രീകരണ സമയത്ത് സെക്രട്ടറിയേറ്റിനകത്തും പരിസരത്തും നിരവധി സംഘാംഗങ്ങളുടേയും വാഹനങ്ങളുടേയും ബാഹുല്യവും ഭക്ഷണവിതരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും സിനിമയ്ക്ക് വേണ്ടി നിര്‍മിതിയില്‍ മരാമത്ത് പ്രവര്‍ത്തികള്‍ നടത്തല്‍ തുടങ്ങിയവ സെക്രട്ടറിയേറ്റിന്റെ സുരക്ഷയേയും കെട്ടിടത്തിന്റെ പൈതൃകത്തേയും സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റം, പല ഭാഗങ്ങളില്‍ നിന്ന് ഷൂട്ടിങ്ങിന് വരുന്നവരെ പരിശോധിച്ച്‌ സുരക്ഷ ഉറപ്പു വരുത്തുന്നതിലെ അപ്രായോഗികതയും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പെഷ്യല്‍ സോണ്‍ കൂടിയായ സെക്രട്ടറിയേറ്റിന്റെ സുരക്ഷാ പ്രാധാന്യവും പുരാവസ്തു ഗണത്തില്‍പെടുന്ന കെട്ടിടങ്ങളുടെ സ്വാഭാവിക ഭംഗി സംരക്ഷിക്കുന്നതിനും കെട്ടിടവും പരിസരവും സിനിമാ-സീരിയല്‍-ഡോക്യുമെന്ററി ഉള്‍പ്പെടെയുള്ള യാതൊരു ചിത്രീകരണങ്ങള്‍ക്കും അനുവദിക്കുന്നതല്ല. എന്നാല്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ചിത്രീകരണത്തിന് അനുമതി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.



Post a Comment

Previous Post Next Post