പ്ലസ് ടു: സ്പെഷല്‍ ഫീ തിരികെ നല്‍കും -മന്ത്രി

 


മലപ്പുറം: 2020-21 ബാച്ചിലെ പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഈടാക്കിയ സ്പെഷല്‍ ഫീസ് തിരികെ നല്‍കുവാന്‍ ഹയര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്പെഷല്‍ ഫീസിനെതിരെ വിദ്യാര്‍ഥികളുടെ പരാതികള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.


സ്പോര്‍ട്സ്, മറ്റു അനുബന്ധ പരിപാടികള്‍ എന്നിവക്കായാണ് സ്പെഷല്‍ ഫീസ് ഈടാക്കുന്നത്. കോവിഡ് കാരണം സ്കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശമൊന്നും പുറപ്പെടുവിക്കാത്തതിനാല്‍ ചില സ്കൂളുകളില്‍ പ്രധാനാധ്യാപകര്‍ ഫീസ് ഈടാക്കി. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇത് വാങ്ങേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍, ഉത്തരവ് ഇറങ്ങുംമുമ്ബ് ഭൂരിഭാഗം സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ ഫീസ് അടച്ചിരുന്നു. പ്രധാനാധ്യാപകര്‍ ഇത് ട്രഷറിയില്‍ അടക്കുകയും ചെയ്തു. സയന്‍സ് വിദ്യാര്‍ഥികളില്‍നിന്ന് 530, കോമേഴ്സ് 380, ഹ്യുമാനിറ്റീസ് 280 എന്നിങ്ങനെയാണ് ഈടാക്കിയത്.

Post a Comment

Previous Post Next Post