ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തില്‍ നിന്ന് 6 മാസമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു.
വാക്‌സിനേഷന്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉപദേശക സമിതി - പ്രതിരോധ കുത്തിവെപ്പിലെ നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് (എന്‍ടിജിഐ) - രണ്ടാമത്തെ ഡോസും ബൂസ്‌റ്റര്‍ ഡോസും തമ്മിലുള്ള ഇടവേള കുറക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
നേരത്തെ, രണ്ടാമത്തെ ഡോസും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ദൈര്‍ഘ്യം 9 മാസമായിരുന്നു. ഇപ്പോഴത് 6 മാസം അല്ലെങ്കില്‍ 26 ആഴ്‌ചയായി കുറച്ചു. "18-59 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസ്, സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ (സിവിസി) നിന്ന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച തീയതി മുതല്‍ 6 മാസം അല്ലെങ്കില്‍ 26 ആഴ്‌ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എടുക്കാം,"- കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്‌മിനിസ്ട്രേറ്റര്‍മാര്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
"60 വയസിന് മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും (HCWs), ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും (FLWs), സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് രണ്ടാമത്തെ ഡോസ് നല്‍കിയ തീയതി മുതല്‍ 6 മാസം അല്ലെങ്കില്‍ 26 ആഴ്‌ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗജന്യമായി മുന്‍കരുതല്‍ ഡോസ് നല്‍കും,"- കത്തില്‍ പറയുന്നു.
Post a Comment