75ാം സ്വാതന്ത്ര്യ വാര്‍ഷികം; എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും



തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ വഴിയാകും ദേശീയപതാക നിര്‍മ്മിക്കുക. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്തണം. 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഈ കാലയളവില്‍, രാത്രിയില്‍ പതാക താഴ്ത്താതിരിക്കാന്‍ ഫ്ലാഗ് കോഡ് മാറ്റിയിട്ടുണ്ട്.

സ്കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്കൂള്‍ കുട്ടികളില്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം വീടുകളുടെ എണ്ണം എടുത്ത് കുടുംബശ്രീക്ക് കൈമാറണം. കുടുംബശ്രീ പതാകകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഓഗസ്റ്റ് 12 നകം പതാകകള്‍ സ്കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വീടുകള്‍, പൊതുസ്ഥലങ്ങള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ലൈബ്രറികളിലും ക്ലബ്ബുകളിലും ആസൂത്രണം ചെയ്യണം.

Post a Comment

Previous Post Next Post