100 കോടിയുടെ തട്ടിപ്പ്; കൂട്ടാളിയായ യുവാവിനെ തട്ടികൊണ്ടു പോയ രണ്ടു പേർ കസ്റ്റഡിയിൽ; യുവാവിനെ കണ്ടെത്തിയത് ആലക്കോട് തടിക്കടവിൽ നിന്ന്

 


തളിപ്പറമ്പ്: നൂറു കോടി സാമ്പത്തിക നിക്ഷേപ തട്ടിപ്പിൽ മുങ്ങിയ യുവാവിൻ്റെ കൂട്ടാളിയെ തട്ടികൊണ്ടു പോയ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ ഡിവൈ.എസ്.പി എം.പി.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശും സംഘവും ഇവരെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തളിപ്പറമ്പ് ടൗണിന് സമീപത്തെ രണ്ടു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ 23 മുതൽ മകനെ കാണാനില്ലെന്ന പരാതിയുമായി മഴൂരിലെ പി.കെ.സുഹൈറിൻ്റെ (26) മാതാവ് കെ.ആത്തിക്ക ഇന്നലെ വൈകുന്നേരത്തോടെ തളിപ്പറമ്പ് പോലീസിൽ പരാതിയുമായി എത്തിയതോടെയാണ് 100 കോടി നിക്ഷേപ തട്ടിപ്പ് വഴി ത്തിരിവിലായത്. പോലീസ് കേസെടുത്തതോടെ, അന്വേഷണത്തിനിടെ യുവാവിനെ ആലക്കോട് തടിക്കടവിലെ സഹോദരിയുടെ വീട്ടിൽ നിന്നും രാത്രിയോടെ കണ്ടെത്തി. പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനോട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചപ്പോഴാണ് തട്ടികൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തളിപ്പറമ്പിൽ നടത്തിയ റെയ്ഡിലാണ് പ്രതികളായ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ അധോലോകത്തെ വെല്ലുന്ന ജില്ലയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൻ്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് തളിപ്പറമ്പ പോലീസ്. അതേ സമയം തളിപ്പറമ്പിലെ ഉന്നതരുൾപ്പെട്ട കോടികളുടെ നിക്ഷേപ- റിയൽ എസ്റ്റേറ്റ് സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് വിവരം പുറത്തു വന്നതോടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേന്ദ്ര ഇൻ്റലിജൻസ് വിഭാഗവും തളിപ്പറമ്പിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രേഖകളില്ലാതെ കോടികൾതട്ടിപ്പ് നടത്തി നേടിയ പണം വിദേശത്തേക്ക് കൈമാറിയെന്ന സൂചനയെ തുടർന്ന് അന്വേഷിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘവും രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post