കണ്ണൂര്‍: നാടുചുറ്റിയും കാഴ്ചകാണിച്ചും കണ്ണൂരിലെ ആനവണ്ടി നേടിയത് 23 ലക്ഷം രൂപ. വയനാടിന്റെയും ഇടുക്കിയുടെയും ചുരവും പച്ചപ്പും കുമരകത്തെ കായല്‍ സൗന്ദര്യവും തലസ്ഥാനനഗരിയിലെ കാഴ്ചകളും സഞ്ചാരികള്‍ക്ക് സമ്മാനിച്ചാണ് അഞ്ചു മാസംകൊണ്ട് ഇത്രയും തുക കെ.എസ്.ആര്‍.ടി.സി നേടിയത്.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മുതലാണ് ഉല്ലാസയാത്രകള്‍ തുടങ്ങിയത്. ചെറുസംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് പ്രത്യേകത. വയനാടന്‍ പാക്കേജിനാണ് ഏറെയും ബുക്കിങ്. 10 ലക്ഷമാണ് ഇത്തരത്തില്‍ ലഭിച്ചത്. 36 തവണയാണ് യാത്രക്കാരുമായി ആനവണ്ടി വയനാട് ചുരം കയറിയത്. വയനാട്, പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നിവയാണ് ഒരുദിവസംകൊണ്ട് നടത്താവുന്ന യാത്രകള്‍.
രണ്ടു ദിവസം മൂന്നാറില്‍ കറങ്ങാന്‍ 1850 രൂപ മതി. മൂന്നു ദിവസത്തേക്കാണെങ്കില്‍ താമസവും യാത്രയും അടക്കം 2500 രൂപയാകും. വാഗമണ്‍-കുമരകം യാത്രക്ക് മൂന്നു ദിവസത്തേക്ക് 3900 രൂപയാണ് ചാര്‍ജ്. ഭക്ഷണം, താമസം, ഓഫ് റോഡ് സഫാരി, ഹൗസ് ബോട്ട് യാത്ര ഉള്‍പ്പെടെയാണ് പാക്കേജ്. 3650 രൂപയുടെ തിരുവനന്തപുരം-കുമരകം പാക്കേജില്‍ ഭക്ഷണവും താമസവും ഹൗസ് ബോട്ട് യാത്രയും ഒപ്പം തിരുവനന്തപുരത്ത് ഡബ്ള്‍ഡെക്കര്‍ ബസില്‍ നഗരം ചുറ്റുകയും ചെയ്യാം. ആഴ്ചതോറും ശനി, ഞായര്‍ ദിവസങ്ങളിലാണ് യാത്ര. ആവശ്യക്കാരുണ്ടെങ്കില്‍ മറ്റു ദിവസങ്ങളിലും ഓടും. കഴിഞ്ഞ വേനലവധിക്ക് മിക്കദിവസവും യാത്രയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, അധ്യാപകര്‍ തുടങ്ങിയ സംഘങ്ങളും ആനവണ്ടിയില്‍ നാടു കാണാനിറങ്ങുന്നുണ്ട്.
60ലേറെ യാത്രകള്‍ കണ്ണൂരില്‍നിന്ന് നടത്തി. മലബാറില്‍നിന്ന് ഹൈറേഞ്ചിന്റെ തണുപ്പും പച്ചപ്പുമറിയാന്‍ കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൂന്നാര്‍ ട്രിപ്പിന് മണ്‍സൂണ്‍ കാലത്തും തിരക്കിട്ട ബുക്കിങ്ങാണ്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള തടാകം, ഇക്കോ പോയന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട് എന്നിവ കണ്ടുമടങ്ങാം.
യാത്രയില്‍ അനുഗമിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച 20 പേരാണ് കണ്ണൂരിലുള്ളത്. ഡ്രൈവര്‍, ഗൈഡ് കം ഡ്രൈവര്‍ എന്നിവരാണ് ബസിലുണ്ടാവുക. ടൂര്‍ കോഓഡിനേറ്റര്‍മാരും ഒപ്പമുണ്ടാകും. ഡി.ടി.ഒ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. കെ.ജെ. റോയ്, കെ.ആര്‍. തന്‍സീര്‍ എന്നിവരാണ് ടൂര്‍ കോഓഡിനേറ്റര്‍മാര്‍. ദീര്‍ഘയാത്രക്ക് പുഷ്ബാക്ക് സീറ്റുകളോടുകൂടിയ സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് ഉപയോഗിക്കുക. ഏകദിന യാത്രക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഓടും.
പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് ബജറ്റ് ടൂറിസം പാക്കേജ് തുടങ്ങിയെങ്കിലും നിലവില്‍ നിലച്ചമട്ടാണ്. തലശ്ശേരിയില്‍നിന്ന് ഉല്ലാസയാത്രകള്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. കണ്ണൂരില്‍നിന്ന് ബേക്കല്‍ കോട്ട-ബീച്ച്-റാണിപുരം ഹില്‍ സ്റ്റേഷന്‍ ഏകദിന പാക്കേജ് അടുത്തയാഴ്ച തുടങ്ങും. തിരുവനന്തപുരത്തുനിന്ന് യാത്രാ അനുമതിക്കായുള്ള കാത്തിരിപ്പാണ്.

Post a Comment