കൊച്ചി:ലോണ്‍ ആപില്‍ നിന്ന് അടുത്തിടെ ചെറിയ തുക കൈപ്പറ്റിയ യുവാവിനെ ഉടമകള്‍ പലതരത്തില്‍ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസ് കൂടി കൊച്ചിയില്‍ റിപോര്‍ട് ചെയ്തു.
20 കാരന്റെ പരാതിയെ തുടര്‍ന്നാണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്. ജനുവരിയില്‍ 'ഗോള്‍ഡ് ക്യാഷ്' എന്ന ആപില്‍ നിന്ന് 11,000 രൂപ വായ്പ എടുത്തതായി യുവാവ് പരാതിയില്‍ പറഞ്ഞു.
'പണം ലഭിച്ച് ആറ് ദിവസത്തിന് ശേഷം യുവാവിന് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സന്ദേശങ്ങളും കോളുകളും വരാന്‍ തുടങ്ങി. പണം നല്‍കാനാവാതെ വന്നതോടെ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഏതാനും ആഴ്ചകള്‍ക്കുശേഷം, അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. പിന്നീട് മോര്‍ഫ് ചെയ്ത ഫോടോകള്‍ അയച്ചു തുടങ്ങി. അത് സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. പിന്നീട്, യുവാവിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് ഫോടോകള്‍ അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി', ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐപിസി സെക്ഷന്‍ 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് സെക്ഷന്‍ 66 (ഇ) സ്വകാര്യത ലംഘനം, കേരള പോലീസ് ആക്‌ട് 120 (ഒ) ആവര്‍ത്തിച്ചുള്ള, അനഭിലഷണീയമായ അല്ലെങ്കില്‍ അജ്ഞാത കോളുകള്‍, കത്തുകള്‍, എഴുത്തുകള്‍, സന്ദേശങ്ങള്‍, എന്നിവയിലൂടെ ശല്യം ചെയ്യുക എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൊച്ചിയില്‍ ജോലി ചെയ്യുന്ന രാജസ്താന്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 'ക്യാഷ് അഡ്വാന്‍സ്' എന്ന മറ്റൊരു ലോണ്‍ ആപിനെതിരെ ഈ മാസം ആദ്യം പൊലീസ് കേസെടുത്തിരുന്നു. ഇര പണം നല്‍കിയെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ട് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് കേസ്.
ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക് വഴി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫോണുകളില്‍ അനധികൃത ലോണ്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെതിരെ പൊലീസ് ഫേസ്ബുക് പേജില്‍ വിശദമായ കുറിപ്പ് നല്‍കി. വിഷയം വലിയ വിപത്തായി മാറിയെന്നും ഈ തട്ടിപ്പുകാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂടി കമീഷനര്‍ വി യു കുര്യാകോസ് പറഞ്ഞു.
'ആളുകള്‍ വായ്‌പ വാങ്ങിയില്ലെങ്കിലും ഈ ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ പണം ആളുകളുടെ അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പിന്നീട്, ക്രെഡിറ്റ് ചെയ്ത തുകയുടെ ഇരട്ടിയിലധികം തിരികെ നല്‍കാന്‍ ആവശ്യപ്പെടുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ക്ക് ഇരയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റെല്ലാ ആപുകളിലേക്കും ആക്‌സസ് ലഭിക്കും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ഫോടോകളുടെ പേരില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങും', ഡെപ്യൂടി കമീഷനറെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
'ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളോ കോളുകളോ ലഭിച്ചാല്‍, പൊലീസിനെ സമീപിക്കുമെന്ന് ഇരയായവര്‍ തട്ടിപ്പുകാരോട് പറയണം. മിക്ക കേസുകളിലും, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ഭീഷണികള്‍ അവസാനിക്കും', അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളുടെ അന്വേഷണം സങ്കീര്‍ണമാണെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് പിന്നിലെ നിരവധി പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
'മിക്കവാറും തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിക്കുന്നത് വ്യാജ ബാങ്ക് അകൗണ്ടുകളാണ്. സംഘടിത സംഘങ്ങള്‍ നടത്തുന്ന ഉത്തരേന്‍ഡ്യന്‍ ഗ്രാമങ്ങളിലാണ് ഇത്തരം കേസുകളുടെ വേരുകള്‍. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പലപ്പോഴും മറ്റ് സംസ്ഥാന പൊലീസുമായുള്ള ഏകോപനം ആവശ്യമാണ്', വി യു കുര്യാകോസ് കൂട്ടിച്ചേര്‍ത്തു.

Post a Comment