ആലക്കോട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് മലയോര റോഡുകളില്‍ മൂന്നെണ്ണത്തില്‍ നിന്നും കിഫ്ബി പിന്മാറി.
ആലക്കോട് ഒറ്റത്തൈ കാപ്പിമല 9 കിലോ മീറ്റര്‍ പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണപ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതില്‍ നിന്നും ആദ്യം താല്പര്യക്കുറവ് പ്രകടിപ്പിച്ച കിഫ്ബി ഉദ്യോഗസ്ഥര്‍ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തും രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നും പ്രവൃത്തി ഏറ്റെടുത്തുനടത്താമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ആലക്കോട് കോളി പൂവന്‍ചാല്‍ റോഡ്, ആലക്കോട് നെല്ലിക്കുന്ന് പാത്തന്‍പാറ റോഡ്, മണക്കടവ് മൂരിക്കടവ് കാപ്പിമല റോഡ് എന്നിവയുടെ പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. മലയോര റോഡുകളുടെ നിര്‍മ്മാണത്തിന് ഭീമമായ തുക ചിലവുവരുമെന്നതും എന്നാല്‍ ഈ റോഡുകളില്‍ കൂടിയുള്ള വാഹനങ്ങളുടെ എണ്ണം കുറവാണെന്നതുമാണ് പിന്മാറ്റത്തിനു കാരണമത്രെ. അതേസമയം വൈതല്‍മല ടൂറിസം വികസനത്തിന് ആലക്കോട് ഒറ്റത്തൈ കാപ്പിമല മഞ്ഞപ്പുല്ല് റോഡിന്റെ നവീകരണം അത്യാവശ്യമാണെന്നതിനാലും കണ്ണൂര്‍ ജില്ലയിലെ മേജര്‍ ഡിസ്ട്രിക്‌ട് റോഡില്‍ പെട്ടതായതിനാലും ഈ റോഡിന്റെ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് അംഗീകരിക്കുകയായിരുന്നു.

Post a Comment