കണ്ണൂർ: ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ടിടത്തായി ആറുപേര്‍ക്കെതിരേ കേസെടുത്തു.
ഇതില്‍ മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, പറവൂര്‍ സ്വദേശി കെ.കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ചാലാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 1,75,000 രൂപ നിക്ഷേപിച്ചാല്‍ മാസം 15,000 രൂപ നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് പ്രതികള്‍ പിരിച്ചെടുത്തെന്നാണ് പരാതി. കണ്ണൂര്‍ എസിപിടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സമാന രീതിയില്‍ ആലപ്പുഴയിലെ ചാരുമ്മൂട്ടിലും തട്ടിപ്പ് നടന്നതായാണ് വിവരം. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുഐ ഗ്രൂപ്പ് ഓഫ് കമ്ബനിയില്‍ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മാവേലിക്കര സ്വദേശികളായ കലേഷ്, ഭാര്യ ലക്ഷ്മി, നൂറനാട് സ്വദേശി തുഷൈന്‍ എന്നിവര്‍ക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു.
ക്യുനെറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ പണം തട്ടിയെന്നുകാട്ടി ഇവര്‍ക്കെതിരെ അഞ്ച് പേര്‍ കഴിഞ്ഞ ദിവസം കുറത്തികാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 1.27ലക്ഷം രൂപ മുടക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷംകൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 1.27ലക്ഷം രൂപ മുതല്‍ നാലരലക്ഷം രൂപ വരെ നല്‍കിയവരുണ്ട്.
Post a Comment