തളിപ്പറമ്പ്: കലാകാരൻമാരുടെ കൂട്ടായ്മയിൽപ്പെട്ട 25 ഓളം ചിത്രകാരൻമാർ വരച്ച വിവിധ തരത്തിലുള്ള 1848 ചിത്രങ്ങൾ പ്രത്യേക രീതിയിൽ ചേർത്ത് വച്ചപ്പോൾ തെളിഞ്ഞത് മഹാ ചിത്രകാരനായ രാജാരവിവർമയുടെ 75 അടി നീളവും 60 അടി വീതിയുമുള്ള മനോഹരമായ ചിത്രം. കലാകാരൻമാരുടെ വാട്സാപ് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിന്റെ 10ാം വാർഷികത്തിന്റെ ഭാഗമായാണ് ചിത്രകാരനായ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ സർ സയിദ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഈ കാഴ്ചവിരുന്ന് ഒരുക്കിയത്.
രാജാ രവിവർമ്മ ജനിച്ച വർഷമായ 1848 ന്റെ ഓർമയ്ക്കാണ് 1848 ചിത്രങ്ങൾ ഉപയോഗിച്ചത്. 50 പേരുള്ള വാട്സാപ് കൂട്ടായ്മയാണ് എക്സോട്ടിക് ഡ്രീംസ്. ഇതിൽ 25 പേർ വിദേശത്താണ്. ഇവിടെയുള്ള 25 പേരിൽ 13 പേരാണ് ഇന്നലെ ചിത്രം ഒരുക്കിയത്. രാവിലെ 8.30 മുതൽ 1.30 വരെ അധ്വാനിച്ചാണ് ഈ വലിയ ചിത്രം സൃഷ്ടിച്ചത്.
വലിയ തുണിയിൽ ചിത്രത്തിന്റെ സ്കെച്ച് നൽകിയ ശേഷം വിവിധ നിറങ്ങളിൽ ചിത്രകാരൻമാർ വരച്ച വിവിധ തരത്തിലുള്ള ചുമർ ചിത്രങ്ങളും കളർ, പെൻസിൽ ഡ്രോയിങ്ങുകളും ഉൾപ്പെടെയാണ് ഇതിനായി ഉപയോഗിച്ചത്. തുടർന്ന് ഹെലിക്യാം ഉപയോഗിച്ചാണ് ഉയരത്തിൽ നിന്ന് ഇതിന്റെ പൂർണകായ ഫോട്ടോ എടുത്തത്. ചിത്രം ഇന്ന് പൊതുജനങ്ങൾക്ക് മുൻപിലും പ്രദർശിപ്പിക്കും. ചിത്രകാരൻമാരായ റിയാസ് മടമന, ഫിറോസ്, വിപിൻ ഇരിട്ടി, ത്രിവിക്രമൻ, ലതീഷ് സോമൻ, മുരളീധരൻ, ബാബു പാച്ചേനി, ഷൈജു കെ.മാലൂർ, അഷ്റഫ് തറയിൽ, ശ്രീകല മുരളി, കലേഷ് കണ്ണൻ എന്നിവരാണ് ഈ വലിയ ചിത്രമൊരുക്കിയ മറ്റു കലാകാരൻമാർ.


Post a Comment