തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്ബ് നാളെ പുനരാരംഭിക്കും. എല്ലാ അധ്യാപകരും മൂല്യനിര്‍ണയ ക്യാംപില്‍ എത്തണമെന്നും പ്രായോഗിക പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ജില്ലാ മേധാവികള്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
കെമിസ്ട്രി മൂല്യനിര്‍ണയത്തിനുള്ള പുതുക്കിയ ഉത്തരസൂചിക വിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ഉത്തരസൂചിക അനുസരിച്ച് മാത്രമേ കെമിസ്ട്രിയുടെ മൂല്യനിര്‍ണയം നടത്താവൂയെന്നും മുമ്ബ് മൂല്യനിര്‍ണയം നടത്തിയ കെമിസ്ട്രി ഉത്തരക്കടലാസുകളുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കെമിസ്ട്രി ചോദ്യക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷരത്തെറ്റ് ഉണ്ടായിരുന്നെന്നും ഉത്തരസൂചികയില്‍ പോലും പ്രശ്നങ്ങളുണ്ടായിരുന്നതായും ഒരു വിഭാഗം അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതുടര്‍ന്ന് കെമിസ്ട്രിയുടെ ഉത്തരസൂചിക പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ദ്ധ സമിതിയെ നിയമിച്ചിരുന്നു.
ഉത്തരസൂചികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മൂല്യനിര്‍ണയം നടത്തില്ലെന്ന് അദ്ധ്യാപകര്‍ നിലപാടെടുത്തിരുന്നു. തുടര്‍ച്ചയായി മൂന്നു ദിവസം പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാംപ് അധ്യാപകര്‍ ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന്, ഉത്തരസൂചിക അന്തിമമാക്കാന്‍ നിയോഗിച്ച 12 അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ മെമ്മോ നല്‍കിയിരുന്നു.
Post a Comment