തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വ്യാപക പരിശോധന തുടരുന്നു. 822 കടകളില്‍ ഇതുവരെ പരിശോധന നടത്തി.
68 കടകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഇവയില്‍ 40 കടകള്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശേഷിച്ച 28 കടകള്‍ അടപ്പിച്ചത്. 233 കടകള്‍ക്ക് വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച 120 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു. മായം ചേര്‍ത്തതും പഴകിയതും എന്ന് സംശയം തോന്നിപ്പിച്ച 45 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച പതിനാറുകാരി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ഊര്‍ജിതമാക്കിയത്. സംഭവം നടന്ന ഐഡിയല്‍ ഫുഡ് പോയിന്റിലെ ഭക്ഷ്യ സാമ്ബിളുകളില്‍ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇവിടെ നിന്ന് ശേഖരിച്ച ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നും ഭക്ഷ്യസുരക്ഷാവകുപ്പുദ്യോഗസ്ഥര് കണ്ടെത്തിയിരുന്നു. സംസ്ഥാനവ്യാപകമായ പരിശോധന വരും ദിവസങ്ങളിലും തുടരും. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാന്‍ തന്നെയാണ് നീക്കം.
Post a Comment