ഇനി കാ‍ർഡില്ലാതെയും എടിഎമ്മുകളിൽ നിന്ന് പണമെടുക്കാം; UPI അധിഷ്ഠിത സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്


ഇന്ത്യയിലെ എല്ലാ എടിഎമ്മുകളിൽ (ATM) നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം  വൈകാതെ നടപ്പിലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. എല്ലാ ബാങ്കുകൾക്ക് കീഴിലുമുള്ള എടിഎമ്മുകളിൽ ഈ സൗകര്യം ലഭ്യമാവും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് ആർബിഐ (RBI) ഗവർണർ ഇക്കാര്യം അറിയിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ UPI വഴിയാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ദാസ് വ്യക്തമാക്കി.
"നിലവിൽ രാജ്യത്തെ ചുരുക്കം ചില ബാങ്കുകൾക്ക് കീഴിലുള്ള എടിഎമ്മുകളിൽ മാത്രമേ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. യുപിഐ സംവിധാനത്തിലൂടെ എല്ലാ ബാങ്കുകൾക്ക് കീഴിലുമുള്ള എടിഎമ്മുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്," പ്രഖ്യാപനം നടത്തുന്നതിനിടയിൽ ശക്തികാന്ത ദാസ് പറഞ്ഞു.

കാർഡ് ഇല്ലാത്തതിനാൽ ഇടപാടുകൾ എളുപ്പമാക്കാമെന്ന് മാത്രമല്ല കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകൾ തടയാനും സാധിക്കുമെന്ന് ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി. ആർബിഐക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സേവനം ഉറപ്പാക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക മേഖലയിലെ സേവനദാതാക്കൾ കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്. ഓൺലൈനിലൂടെയും മറ്റുമുള്ള ഇടപാടുകൾ വർധിച്ച് വരുന്ന ഇക്കാലത്ത് ഉപഭോക്താക്കളുടെ പരാതികൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post