ചക്രവാതച്ചുഴി അറബിക്കടലില്‍ പ്രവേശിച്ചു; ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യത


തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.

കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കരണം. 


Post a Comment

Previous Post Next Post