ആലക്കോട്: മലയോര മേഖലയിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ ദേവാലയത്തിന്റെ പുനർനിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞെരളക്കാട്ട് ദേവാലയ പുനർനിർമ്മാണ പ്രവൃത്തിയുടെ തറക്കല്ലിടൽ വെഞ്ചരിപ്പ് നിർവഹിച്ചു.
ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും തിരുകർമ്മങ്ങളും നടന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് വടക്കേമുറി, കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ ചർച്ച് മുൻ വികാരി ഫാ.ജോസഫ് ചാത്തനാട്ട്, ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരി സഹകാർമ്മികത്വം വഹിച്ചു. വൈദികരും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
1981ൽ സ്ഥാപിതമായതാണ് നിലവിലുള്ള പള്ളി. ഇടവകയിലെ
അംഗങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെയും ആധുനിക ശിൽപ്പ ചാതുരിയിലും ദേവാലയം
പുനർനിർമ്മിക്കുന്നത്.
പള്ളി നിർമ്മാണം പൂർത്തീകരിക്കുന്നതിനൊപ്പം ഇടവക ആഭിമുഖ്യത്തിൽ പത്ത് നിർധന കുടുംബങ്ങൾക്ക് വീടുകളും
നിർമ്മിച്ച് നൽകുന്നുണ്ട്. ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
Post a Comment