പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയിൽ മൂന്നുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനാണ് മരിച്ചത്. അമ്മ ആസിയയെ (22) പാലക്കാട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിനൊപ്പം ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ആസിയയെ പാലക്കാട് കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post a Comment