മാസ്‌കില്ലെങ്കില്‍ പിഴ; സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം



തിരുവനന്തപുരം : കൊറോണ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ പിഴ ഈടാക്കും. നിരത്തുകളില്‍ പോലീസ് പരിശോധനയും കൂടുതല്‍ കര്‍ശനമാക്കാനാണ് നിലവിലെ തീരുമാനം.
ഒരു മാസം മുന്‍പ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന നടപടി പിന്‍വലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും പിഴ ഈടാക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കൊറോണ രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
ഇന്ന് മുതല്‍ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്ബോഴും മാസ്‌ക് നിര്‍ബന്ധമാണ്. പോലീസിന്റെ പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും.എത്ര രൂപയാണ് പിഴ ഈടാക്കുന്നത് എന്നത് ഉത്തരവില്‍ വ്യക്തമല്ല. നേരത്തെ കേരളത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയിരുന്നത് 500 രൂപയാണ്. ഡല്‍ഹിയിലും തമിഴ് നാട്ടിലും നിലവില്‍ ഈടാക്കുന്നത് 500 രൂപയാണ്.

Post a Comment

Previous Post Next Post