കണ്ണൂർ ∙ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോകളും ചാർജ് ചെയ്യാൻ വൈദ്യുതി തൂണുകളിൽ സൗകര്യമൊരുങ്ങുന്നു. ജില്ലയിൽ 145 ചാർജിങ് പോയിന്റുകളാണു വരുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 5 വീതവും കോർപറേഷൻ പരിധിയിൽ 16 പോയിന്റുകളുമാണു സജ്ജമാക്കുന്നത്. സംസ്ഥാനത്ത് 1500 ടൂവീലർ ത്രീവീലർ ചാർജിങ് സ്റ്റേഷനുകളും 62 കാർ ചാർജിങ് സ്റ്റേഷനുകളും തുടങ്ങാനുള്ള കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത്. സ്വകാര്യ ഏജൻസികളാണു ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുക.
ജൂലൈയോടെ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. നിലവിലുള്ള വൈദ്യുതി തൂണുകളിൽ തന്നെയാണു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്തുകൊണ്ടു തന്നെ ചാർജ് ചെയ്യാൻ സാധിക്കും. കാർ ചാർജിങ് കേന്ദ്രങ്ങളിലെപ്പോലെ ഫാസ്റ്റ് ചാർജിങ് സംവിധാനമല്ല ഇത്. അതുകൊണ്ടുതന്നെ ബാറ്ററി മുഴുവനായും ചാർജ് ആവാൻ 2 മുതൽ 4 മണിക്കൂർ വരെ സമയം വേണ്ടിവരും.
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്കു ചാർജ് കുറവാണെങ്കിൽ ഇത്തരം പോയിന്റുകളിൽ വാഹനം കണക്ട് ചെയ്ത ശേഷം പോകാമെന്നതു നേട്ടമാണ്. മൊബൈൽ ആപ്പ് വഴിയാണു തുക അടയ്ക്കേണ്ടത്. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഇതിനുള്ള ലിങ്ക് ലഭിക്കും. പ്രീപെയ്ഡ് രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. മുൻകൂറായി തുക അടച്ച് ഓരോ തവണയും ചാർജ് ചെയ്യുമ്പോൾ അതിൽ നിന്നു തുക കുറവു ചെയ്യും. വൈദ്യുതി യൂണിറ്റിന് 9.30 രൂപയാണു ജിഎസ്ടി ഉൾപ്പെടെ തുക നിശ്ചയിച്ചിരിക്കുന്നത്.
സ്കൂട്ടറോ ബൈക്കോ പൂർണമായും ചാർജ് ചെയ്യാൻ 2–4 യൂണിറ്റ് വൈദ്യുതിയും ഓട്ടോറിക്ഷകൾക്കു 4–7 യൂണിറ്റ് വൈദ്യുതിയും വേണ്ടിവരും. എസ്എൻ പാർക്ക്, പ്രഭാത് ജംക്‌ഷൻ, തെക്കി ബസാർ, രാജേന്ദ്ര പാർക്ക്, കെഎസ്ആർടിസി, സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, മേലേച്ചൊവ്വ, സിറ്റി, തയ്യിൽ, പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. താഴെചൊവ്വയിലെ കാർ ചാർജിങ് സ്റ്റേഷനു പുറമേ വളപട്ടണത്തും പടന്നപ്പാലത്തും ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം തുടങ്ങി.
Post a Comment