മണ്ണെണ്ണ വിലയിൽ വൻ വർധനവ്; ഒരു ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം



തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വർധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നൽകേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

എണ്ണകമ്പനികൾ റേഷൻ വിതരണത്തിനായി കെറോസിൻ ഡീലേഴ്സ് അസോസിയേഷന് നൽകിയിരിക്കുന്ന വിലയിലാണ് വർധനവ്. വില വർധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികൾ ഉൾപ്പെടാതെ ലിറ്ററിന് 70 രൂപയിൽ അധികമാണ്. ഇത് റേഷൻ കടകളിൽ എത്തുമ്പോൾ 81 രൂപയാകും.  
ഇത്തരമൊരു പ്രതിസന്ധി സംസ്ഥാന സർക്കാർ എങ്ങനെ നേരിടുമെന്നും ജനങ്ങൾക്ക് മേൽ അമിതഭാരമാകാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നതുമാണ് നിർണായകം. ഒരു വർഷം മുൻപ് വില 28 രൂപയായിരുന്നു. വില വർധനവ് ഗണ്യമായി കൂടുമ്പോൾ അത്  വലിയ പ്രതിസന്ധി സൃഷ്ടിക്കും. 
2025ഓടെ മണ്ണെണ്ണ വിതരണം പൂർണമായി നിർത്തുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് വില വർധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികൾ പറയുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് വില വർധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.

Post a Comment

Previous Post Next Post