രാജ്യത്ത് ആദ്യം 5ജി സേവനം ലഭിക്കുക ഭോപ്പാലില്‍; നാല് മാസത്തിനകം തിരഞ്ഞെടുത്ത 13 നഗരങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ്

ഭോപ്പാല്‍: ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനം ലഭിക്കുന്ന സ്മാര്‍ട്ട് സിറ്റി ആകാനൊരുങ്ങി ഭോപ്പാല്‍. മധ്യപ്രദേശ് സര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 5ജി ഇന്റര്‍നെറ്റ് സേവനം നല്‍കി തുടങ്ങും. പൗരന്മാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഇത് സഹായകമാകും. ഈ പ്രഖ്യാപനത്തോടെ രാജ്യത്തെ ആദ്യ 5ജി സേവനം ലഭിക്കുന്ന നഗരമായി ഭോപ്പാല്‍ മാറുമെന്നും ടെലികോം വകുപ്പ് പറഞ്ഞു.

അടുത്ത നാല് മാസത്തിനുള്ളില്‍ ആരംഭിക്കുന്ന പൈലറ്റ് പ്രോജക്ടില്‍ 5ജിയുടെ ട്രയല്‍ നടത്താന്‍ സര്‍ക്കാരും രാജ്യത്തെ ടെലികോം കമ്ബനികളില്‍ ഒന്നും തമ്മില്‍ ധാരണയിലെത്തും. എന്നാല്‍ ഏത് കമ്ബനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യത്ത് 5ജി സേവനങ്ങളുടെ വാണിജ്യ വിന്യാസം ഈ വര്‍ഷം അവസാനത്തോടെ തന്നെ ആരംഭിച്ചേക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

5ജിയുടെ സ്‌പെക്‌ട്രത്തിന്റെ ലേലം ഈ വര്‍ഷം മധ്യത്തോടെ നടക്കാനിടയുണ്ട്. എന്നാല്‍ ഇതിലും കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ല. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതിനോടകം തന്നെ 5ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് അറിയിച്ചിരുന്നു. ഗുരുഗ്രാം, ബംഗളൂരു, കൊല്‍ക്കത്ത, മുംബയ്, ചണ്ഡീഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പുനെ, ഗാന്ധിനഗര്‍ എന്നിവയാണ് തിരഞ്ഞെടുത്ത നഗരങ്ങള്‍. ഭോപ്പാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചു.

ഇന്ത്യയിലെ മുന്‍നില ടെലികോം കമ്ബനികളായ എയര്‍ടെല്‍, ജിയോല വഐ എന്നിവയൊന്നും ഭോപ്പാലില്‍ ട്രയല്‍ സൈറ്റുകളെക്കുറിച്ചുള്ള വിശംദാംശങ്ങളെ പറ്റി പ്രതികരിച്ചിട്ടില്ല. പക്ഷെ മൂന്ന് കമ്ബനികളും മറ്റ് പ്രധാന നഗരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്‌പെക്‌ട്രം ലേലം നടന്നാലുടന്‍ രാജ്യത്ത് 5ജി സേവനം 4ജി നിരക്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ടെല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിയോയ്ക്കും വിയ്ക്കും സമാനമായ പ്ലാനുകള്‍ ഉണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post