ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ വിഷുക്കൈനീട്ടമായി 14. 8 കോടി

കോഴിക്കോട് > ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ വക വിഷുക്കൈനീട്ടമായി 14.8 കോടി രൂപ നല്‍കുന്നു. 1200 ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായാണ് മലബാര്‍ മില്‍മയുടെ വിഷുസമ്മാനം.

മാര്‍ച്ചിലെ പാലിന് അധിക വിലയായി ഈ തുക നല്‍കും. മലബാര്‍ മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിഷുക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ഇത്രവലിയ തുക നല്‍കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

നിലവില്‍ 100 കോടിയോളം രൂപ മാസം ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നുണ്ട്. മലബാര്‍ യൂണിയന്‍ രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു കോടി ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി. ഈയിനത്തില്‍ 50 കോടിയോളം രൂപ നഷ്ടമുണ്ടായി. എന്നാല്‍ പ്രതിസന്ധിയിലും കര്‍ഷകരില്‍ നിന്ന് ഒറ്റ ദിവസം പാല്‍ എടുക്കാതിരുന്നില്ല. പാലിന്റെ വില പത്ത് ദിവസം കൂടുമ്ബോള്‍ നല്‍കി. ഇന്‍ഷുറന്‍സ് പദ്ധതികള്‍, സബ്സിഡികള്‍, വെറ്ററിനറി സഹായം, കാലിത്തീറ്റ വിലക്കയറ്റം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍, ബിഎംസി പ്രവര്‍ത്തനങ്ങള്‍, അധിക പാല്‍വില നല്‍കല്‍ എന്നിവ മുടങ്ങാതെ തുടരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി, ജനറല്‍ മാനേജര്‍മാരായ കെ സി ജെയിംസ്, എന്‍ കെ പ്രേംലാല്‍, എം ആര്‍ ഡി എഫ് സി ഇ ഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post