കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവത്തിന് മാര്‍ച്ച് 23ന് തുടക്കം. 27വരെ നീളുന്ന മേളയില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 3000ത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കും.
മേളയുടെ വരവറിയിച്ച് കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടത്തി. ഒപ്പന, കോല്‍ക്കളി, പരിചമുട്ടുകളി, മുത്തുക്കുട, ശിങ്കാരിമേളം എന്നിവ വിളംബര ജാഥയുടെ മാറ്റുകൂട്ടി.
ഗവ. കോളജ് പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജാഥ സമാപിച്ചു. കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ടും വിളംബര ജാഥ ശ്രദ്ധേയമായി.
സാഹിത്യോത്സവം, ചിത്രോത്സവം, ദൃശ്യ-നാടകോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് കലോത്സവ ഇനങ്ങള്‍ അരങ്ങേറുക. സ്‌റ്റേജിതര മത്സരങ്ങളായ സാഹിത്യോത്സവം, ചിത്രോത്സവം എന്നിവക്ക് ബുധനാഴ്ച തുടക്കമാകും.
കഥാകൃത്തും മീഡിയവണ്‍ എഡിറ്ററുമായ പ്രമോദ് രാമന്‍ സ്‌റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാവും.
വേദികള്‍ക്ക് ഭാഷകളുടെ പേര്
സപ്തഭാഷ സംഗമഭൂമിയിലെത്തിയ കലോത്സവത്തിന്റെ വിവിധ വേദികളുടെ പേരും വിവിധ ഭാഷകള്‍. വേദി ഒന്ന് മലയാളം, രണ്ട് കന്നട, മൂന്ന് തുളു, നാല് കൊങ്കിണി, അഞ്ച് ബ്യാരി, ആറ് ഉര്‍ദു, ഏഴ് മറാഠി, എട്ട് കറാഡ എന്നിങ്ങനെയാണ് പേര്. സപ്തഭാഷ ഭൂമിയെന്നാണ് പേരെങ്കിലും അതിലധികം ഭാഷകള്‍ കാസര്‍കോട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചുകാണുകയാണ് പേരിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
Post a Comment