മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിപ്പിച്ചു;പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി


സംസ്ഥാന ബജറ്റില്‍ മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചതായി പ്രഖ്യാപനം. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടുമെന്നാണ് പ്രഖ്യാപനം. ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.

പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിങ് നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടാതെ മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ഇടത്തരം വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍, മറ്റു ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഹരിത നികുതി ചുമത്തുക.

ഇതുവഴി ഏകദേശം 10 കോടിയോളം രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. രണ്ട് കോടി രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post