പ്ലസ്ടു കോഴക്കേസ്; കെ എം ഷാജിയെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു


പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിയെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യംചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ച്‌ വരുത്തിയാണ് ചോദ്യംചെയ്യുന്നത്. പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ എം ഷാജി എംഎല്‍എ അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായെന്ന് വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കിയിരുന്നു.

സ്കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എംഎല്‍എയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.

കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്ന് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. വീട്ടില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചുവെന്നായിരുന്നു ഷാജി മൊഴി നല്‍കിയത്. 20 ലക്ഷം രൂപ സുഹൃത്ത് നല്‍കി. രണ്ട് കാര്‍ വിറ്റപ്പോള്‍ ലഭിച്ച 10 ലക്ഷവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചു. അഞ്ച് ജ്വല്ലറികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചപ്പോള്‍ കിട്ടിയ തുകയും ലോണ്‍ എടുത്ത തുകയും വീട് പൂര്‍ത്തിയാക്കാന്‍ എടുത്തുവെന്നുമായിരുന്നു ഷാജി മൊഴി നല്‍കിയിരുന്നത്

Post a Comment

Previous Post Next Post