സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം, ഡിപിആര്‍ തയ്യാറാക്കിയ വിവരവും വേണ്ട: ഹൈക്കോടതി


സില്‍വര്‍ ലൈന്‍ സാമൂഹ്യാഘാതസര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബഞ്ച് ഒഴിവാക്കി. ഇതോടെ, സില്‍വര്‍ ലൈന്‍ സര്‍വേ തുടരാനുള്ള സര്‍ക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്. 

എന്നാല്‍ സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയില്‍ വിരുദ്ധസമരസമിതിയും പറയുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാര്‍ വാദങ്ങള്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 

എന്നാല്‍ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍  അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. 

നേരത്തേ സാമൂഹികാഘാത സര്‍വേ നടത്തുന്നതിന് സര്‍ക്കാരിന് മുന്നില്‍ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വാദം കേള്‍ക്കവേ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വേ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയില്‍വേ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്. 

റെയില്‍വേ സത്യവാങ്മൂലത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ് - തത്വത്തിലുള്ള അനുമതി ഡിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.

ഡിപിആറിന് അനുമതി നല്‍കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്‍കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 


Post a Comment

Previous Post Next Post