കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ദിലീപിനെ അറസ്റ്റ് ചെയ്യാതെ കേസ് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പ്രോസിക്യൂഷന് ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി ദിലീപിനും സംഘത്തിനും നിര്‍ണായകമാവും. മാത്രമല്ല, യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലും ഈ വിധി സ്വാധീനം ചെലുത്തിയേക്കാം.
നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്, സഹോദരനായ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവരടക്കമുള്ള പ്രതികള്‍ ജനുവരി 10നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതിഭാഗവും പ്രോസിക്യൂഷനും ദിവസങ്ങളോളം ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടത്തിയത്. കേസിന്റെ പ്രധാന്യം പരിഗണിച്ച് ശനിയാഴ്ചകളില്‍ പോലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു.
Post a Comment