ആലപ്പുഴയില്‍ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

ആലപ്പുഴ: പിക്കപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേർ മരിച്ചു. ദേശീയപാതയിൽ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം നടന്നത്. പിക്കപ്പ് വാനിന്റെ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് മരിച്ചത്. വാസുദേവൻ എത്തിയ സൈക്കിൾ പിക്കപ്പ് വാനിന് സമീപത്തായി തന്നെയുണ്ട്.

രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടയിൽ ദേശീയവപാത പൊന്നാംവെളിയിൽവെച്ച് വാഹനത്തിന്റെ ടയർ പഞ്ചറാകുകയായിരുന്നു. റോഡിനരികിലേക്ക് വാഹനംഒതുക്കിയിട്ട് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇതുവഴി സൈക്കിളിൽ വന്ന വാസുദേവൻ എന്നയാളും ബിജുവിനെ സഹായിച്ചു. രണ്ടുപേരും ചേർന്ന് ടയർ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പറയുന്നത്.

സംഭവസ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു. ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം വാഹനം നിർത്തിയിട്ടത് കണ്ടിട്ടില്ല എന്നാണ് ലോറി ഡ്രൈവർ നൽകിയ മൊഴിയെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post