ബെംഗളൂരു: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് ഇന്ന് തുടക്കമാവും. ഇന്നും നാളെയുമായി ബെംഗളൂരുവില്‍ വെച്ചാണ് ലേലം നടക്കുക.
ഉച്ചയ്ക്ക് 11 മണിക്ക് ലേലം തുടങ്ങും.
പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ കളിക്കാരും ഉണ്ട്. ഇതില്‍തന്നെ 228 പേര്‍ ദേശീയ ടീമുകളില്‍ കളിച്ചവരും 355 പേര്‍ കളിക്കാത്തവരുമാണ്. ഏഴ് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുമുണ്ട്. കേരള ടീമില്‍ നിന്ന് ശ്രീശാന്ത് ഉള്‍പ്പടെ പതിമൂന്ന് താരങ്ങളും ലേലത്തിനുണ്ട്.
ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തുക. സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ഉള്‍പ്പെടെയുള്ള മുന്‍നിര ഇന്ത്യന്‍ താരങ്ങളും പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ തുടങ്ങിയ വിദേശ താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയില്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ആകെ 48 പേരാണ് രണ്ട് കോടി രൂപ പട്ടികയില്‍ വരുന്നത്.
അതേ കൂട്ടത്തില്‍ വരുന്ന മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അശ്വിന്‍, ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവരും ആദ്യ ദിനം ലേലത്തിനുണ്ടാകും. യുവതാരങ്ങളായ ഇഷാന്‍ കിഷന്‍, ദേവദത്ത് പടിക്കല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കഴിഞ്ഞ സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ഹര്‍ഷല്‍ പട്ടേല്‍, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കായി വാശിയേറിയ ലേലം കാണാനാകും.
വിദേശ താരങ്ങളായ പേസര്‍ ട്രെന്റ് ബോള്‍ട്ട്, കമ്മിന്‍സ്, റബാഡ, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് എന്നിവരും ആദ്യ ദിനം ലേലത്തിനുണ്ടാകും. ഇവര്‍ക്ക് പിന്നാലെ ഫ്രാഞ്ചൈസികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് ലേലത്തിനുള്ളത്. ഷാരൂഖ് ഖാന്‍, ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവരെ കൂടാതെ ഇന്ത്യയുടെ അണ്ടര്‍-19 താരങ്ങളായ ക്യാപ്റ്റന്‍ യാഷ് ദുല്‍, വിക്കി ഓസ്റ്റ്വാള്‍, രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ എന്നിവരും ലേലത്തിനുണ്ട്.
ദക്ഷിണാഫ്രിക്കയുടെ 42 കാരനായ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ലേലത്തിലെ ഏറ്റവും പ്രായം കൂടിയ താരം. അഫ്ഗാനിസ്ഥാന്റെ 17 കാരനായ നൂര്‍ അഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിലാണ് നൂര്‍ ഇപ്പോള്‍ കളിക്കുന്നത്.
പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ വാങ്ങാനാവുക. 23 ഒഴിവുകളാണ് പഞ്ചാബിന് ഉള്ളത്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവയ്ക്ക് 21 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള ടീമുകള്‍ക്ക് 22 ഒഴിവുകള്‍ വീതമുണ്ട്.
പഞ്ചാബ് കിങ്സിന് 72 കോടി രൂപയാണ് ചെലവാക്കാനുള്ളത്. ഇതാണ് ഒരു ടീമിന്റെ പക്കലുള്ള ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്, 47.5 കോടി രൂപ.
ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ കളിക്കാര്‍ ഉള്ളത്. 47 പേര്‍ ഓസ്‌ട്രേലിയില്‍ നിന്ന് പങ്കെടുക്കും. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള 34 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ദക്ഷിണാഫ്രിക്ക 33, ശ്രീലങ്ക 23, ഇംഗ്ലണ്ട് 24, ന്യൂസിലന്‍ഡ് 24, അഫ്ഗാനിസ്ഥാന് 17 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ എണ്ണം.
എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്ബി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍.
Post a Comment