ബാബുവിനെ റോപ്പിൻറെ സഹായത്തോടെ മുകളിലെത്തിച്ചു; ഇനി എയർ ലിഫ്റ്റിങ്, ഹെലികോപ്റ്റർ സജ്ജം


പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്താൻ നടത്തുന്ന രക്ഷാ ദൌത്യത്തിൻറെ അന്തിമഘട്ടം അതീവ ദുഷ്കരം. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവർത്തകൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്. മലയുടെ മുകളിൽനിന്ന് എയർ ലിഫ്റ്റ് ചെയ്തായിരിക്കും ബാബുവിനെ തിരികെയെത്തിക്കുക.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാൽ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്. 
രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നൽകിയിരുന്നു. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നൽകാൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്. എഡിആർഎഫ് ദൗത്യസംഘത്തിലെ ഒരാൾ ഇറങ്ങി റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയത്.

Post a Comment

Previous Post Next Post