ശ്രീകണ്ഠപുരം: പാലക്കയം തട്ടില്‍ പുതുതായി സ്ഥാപിച്ച മഴവില്‍ ലൈറ്റുകള്‍ കറുത്ത തുണികൊണ്ട് മറച്ചത് വിവാദമാകുന്നു .വീണ്ടും ടിക്കറ്റ് ഈടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാരോപിച്ച് ജനങ്ങള്‍ രംഗത്തെത്തി.നിലവില്‍ പാലക്കയം തട്ടിലേക്കുള്ള പ്രവേശന നിരക്ക് ഒരാള്‍ക്ക് 45 രൂപയാണ്.
കാമറയുണ്ടെങ്കില്‍ അതിന് വേറെ തുകയും നല്‍കണം. ഇത്രയും കാലം ഈ ടിക്കറ്റ് എടുത്തവര്‍ക്ക് മലമുകളില്‍ മുഴുവന്‍ സഞ്ചരിക്കാമായിരുന്നു. പച്ചപ്പും ദൃശ്യവിരുന്നും നന്നായി ആസ്വദിക്കാനും ഇതുകൊണ്ടു കഴിഞ്ഞിരുന്നു. അടുത്തിടെയാണ് രാത്രിയില്‍ കാഴ്ചയുടെ അഴകുകൂട്ടാന്‍ മഴവില്‍ പ്രകാശം പരത്തുന്ന ബള്‍ബുകള്‍ സ്ഥാപിച്ചത്. വൈകീട്ട് ഏഴുമുതല്‍ രാത്രി 11 വരെയാണ് ബള്‍ബുകള്‍ പ്രകാശിച്ചിരുന്നത്.
പകല്‍ എത്തുന്നവര്‍ക്ക് പച്ചപ്പുല്ലുകളും അവക്കിടയില്‍ സ്ഥാപിച്ച ബള്‍ബുകളും ഇതുവരെ കാണാനാവുമായിരുന്നു. എന്നാല്‍, ബള്‍ബുകള്‍ സ്ഥാപിച്ച മലയുടെ ഭാഗങ്ങളില്‍ ചുറ്റും കറുത്ത തുണികൊണ്ട് മറച്ചതോടെ ഇനി മലയിലെത്തുന്നവരില്‍ നിന്ന് ബള്‍ബ് കാണാന്‍ വീണ്ടും ടിക്കറ്റ് ഈടാക്കാനാണ് നടത്തിപ്പുകാരുടെ ശ്രമം. അതിനായി ചില നിര്‍മാണ പ്രവൃത്തികളും ഇവിടെ നടത്തുന്നുണ്ട്. കാഴ്ച നുകരാനെത്തുന്നവരെ കൊള്ളയടിക്കാനും പരിസ്ഥിതി നശിപ്പിക്കാനുമുള്ള നീക്കമാണ് പാലക്കയം തട്ടില്‍ നിലവില്‍ നടക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കറുത്ത തുണി കെട്ടിയതിനാല്‍ പകല്‍ സമയത്തെത്തുന്ന സഞ്ചാരികള്‍ക്ക് പച്ചപ്പുപോലും കാണാന്‍ കഴിയില്ല . ജില്ലയുടെ പുറത്തു നിന്നടക്കം നിരവധി സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ ഓരോന്നിനും ടിക്കറ്റ് വാങ്ങാനുള്ള ശ്രമം തുടങ്ങിയത് വ്യാപക ചര്‍ച്ചയായിട്ടുണ്ട്. തോന്നിയപോലെ നിര്‍മാണങ്ങള്‍ നടത്തി ഈ മാമലയെ നശിപ്പിക്കാനുള്ള നീക്കം തടയണമെന്നും പാലക്കയം തട്ടില്‍ പലവിധ ടിക്കറ്റുകള്‍ ഈടാക്കാനുള്ള നീക്കം തടഞ്ഞ് പഴയ രീതിയിലുള്ള കാഴ്ച നിലനിര്‍ത്തണമെന്നുമാണ് സഞ്ചാരികളുടെ ആവശ്യം. വിനോദ സഞ്ചാര വകുപ്പ് വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
Post a Comment