ന്യൂഡല്‍ഹി: യുക്രെയിന്‍ പ്രതിസന്ധിയില്‍ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്.
പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വികെ സിംഗ് എന്നിവര്‍ക്കാണ് ചുമതല.
യുക്രെയിന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.ഏകദേശം 16,000 വിദ്യാര്‍ത്ഥികള്‍ യുക്രെയിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന വിമര്‍ശനങ്ങളും പല ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഉന്നതതലയോഗം പ്രധാനമന്ത്രി വിളിച്ചതും നാല് മന്ത്രിമാരെ യുക്രെയിനിലേക്ക് നേരിട്ട് അയക്കാന്‍ തീരുമാനിച്ചതും.
റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്. അതേസമയം, യുക്രെയിന്റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവര്‍ അതിര്‍ത്തികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കിലോമീറ്ററുകള്‍ കാല്‍നടയായി എത്തുന്ന പല സംഘത്തെയും യുക്രെയിന്‍ സേന വഴിയില്‍ തടയുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യന്‍ പൗരന്മാര്‍ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും മാറരുതെന്നാണ് യുക്രെയിനിലെ ഇന്ത്യന്‍ എംബസി ശനിയാഴ്ച ട്വിറ്ററില്‍ അറിയിച്ചത്. തങ്ങളെ അറിയിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെത്തുന്നവരെ സഹായിക്കാന്‍ ബുദ്ധിമുട്ടാണെന്നും എംബസി വ്യക്തമാക്കി.
Post a Comment