നടുവിൽ: വിവാദങ്ങൾ ഒഴിയാത്ത നടുവിൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സി.എച്ച്. സീനത്ത് വിജയിച്ചു. എൽഡിഎഫിലെ ഷീബ ജയരാജനെയാണ് പരാജയപ്പെടുത്തിയത്. ഏഴിനെതിരേ 12 വോട്ടിനാണ് വിജയിച്ചത്. മുസ്ലിം ലീഗ് പ്രതിനിധിയായ സി.എച്ച്. സീനത്ത് പത്താം വാർഡ് അംഗമാണ്. സ്വതന്ത്രയായി മത്സരിച്ച് വൈസ് പ്രസിഡന്റായ രേഖ രഞ്ജിത്ത് സ്ഥാനം രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബേബി ഓടംപള്ളി പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് എൽഡിഎഫ് പിന്തുണയോടുകൂടി നടുവിൽ പഞ്ചായത്തിൽ ഒരു വർഷത്തിലേറെയായി പ്രസിഡന്റായി തുടരുകയായിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് രാജിവച്ചതിനെത്തുടർന്ന് പ്രസിഡന്റും രാജിവച്ച് കോൺഗ്രസിലേക്ക് മടങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് 11ന് തെരഞ്ഞെടുപ്പ് നടക്കും. ബേബി ഓടംപള്ളിയെ തന്നെ പ്രസിഡന്റാക്കാനാണ് ഡിസിസിയുടെയും കെപിസിസിയുടെയും തീരുമാനം. എന്നാൽ ഈ തീരുമാനം ബൂത്ത്, വാർഡ്, മണ്ഡലം കമ്മിറ്റികളുടെയോ അംഗീകാരത്തോടെയല്ല. ഇവർ ശക്തമായ പ്രതിഷേധത്തിലുമാണ്. നിലവിൽ യുഡിഎഫിന് 12 സീറ്റ് ഉള്ളതിൽ ഒൻപത് സീറ്റ് കോൺഗ്രസിനും മൂന്ന് സീറ്റ് മുസ്ലിം ലീഗിനുമാണ്. ഏഴു സീറ്റ് എൽഡിഎഫിനുമുണ്ട്. കോൺഗ്രസിലെ മൂന്ന് അംഗങ്ങൾ വിപ്പ് സ്വീകരിച്ചിട്ടില്ല. ഇന്നു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഡിസിസി പ്രസിഡന്റ് ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഒരു പക്ഷത്തിന്റെ മാത്രം വക്താവാണെന്നും കോൺഗ്രസ് കീഴ്കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ച് മലയോരമേഖലയിൽ നിരവധിപേർ കോൺഗ്രസ് വിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന സൂചനയുമുണ്ട്. വിമത വിഭാഗത്തിലുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയും ഉണ്ട്. ഇവർക്ക് എൽഡിഎഫ് പിന്തുണ നൽകിയാൽ വീണ്ടും ഭരണം യുഡിഎഫിന് നഷ്ടമാകുമെന്ന കണക്കൂട്ടലുമുണ്ട്.
Post a Comment