കേന്ദ്രസര്‍വീസില്‍ 8.75 ലക്ഷം തസ്തികകളില്‍ ആളില്ല; റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് 3.03 ലക്ഷം തസ്തിക


കേന്ദ്രസര്‍വീസില്‍ 8.75 ലക്ഷം ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. റെയില്‍വേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വെളിവായത്. 

കേന്ദ്രസര്‍വീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്തികയില്‍ 21,255 ഒഴിവുകളും ഗ്രൂപ്പ് സി തസ്തികയില്‍ 7,56,146 ഒഴിവുകളുമാണുള്ളതെന്ന് കേന്ദ്ര പഴ്‌സണല്‍, പബ്ലിക് ഗ്രീവിയന്‍സ്, പെന്‍ഷന്‍ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയില്‍ വ്യക്തമാക്കി. ഡോ. വി. ശിവദാസന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രൂപ്പ് ബി വിഭാഗത്തില്‍ 97,757 ഒഴിവുകളുണ്ടെന്ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ മന്ത്രി മറുപടിനല്‍കിയിരുന്നു. 2020 മാര്‍ച്ച് ഒന്നുവരെയുള്ള കണക്കാണിത്.

മറ്റൊരു ചോദ്യത്തിന് ഉത്തരമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് വിവിധ സോണുകളിലായി 3,03,482 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയത്. ഗസറ്റഡ് തസ്തികകളില്‍ 2292, നോണ്‍ ഗസറ്റഡ് തസ്തികകളില്‍ 3,01,190 എന്ന നിലയിലാണ് ഒഴിവുകളുടെ എണ്ണം. കേരളം ഉള്‍പ്പെടുന്ന സതേണ്‍ സോണില്‍ ഗസറ്റഡ് തസ്തികകളില്‍ 161 ഒഴിവും നോണ്‍ ഗസറ്റഡ് തസ്തികകളില്‍ 19,500 ഒഴിവുമുണ്ട്. വെസ്റ്റേണ്‍ സോണ്‍ കഴിഞ്ഞാല്‍ സതേണ്‍ സോണിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുള്ളത്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളും റിക്രൂട്ട്‌മെന്റ് സെല്ലും വഴി നിയമിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. 2020-21 വര്‍ഷത്തില്‍ ഇതുവഴി ആകെ നിയമിക്കപ്പെട്ടത് 5450 പേരാണ്. 2019-20 വര്‍ഷത്തില്‍ ഇത് 1,27,067 പേരായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് നിയമനം നടന്നത് 2020-21ലാണ്.

Post a Comment

Previous Post Next Post