നടുവിൽ : ഏഴരക്കുണ്ട് വിനോദസഞ്ചാരകേന്ദ്രത്തിലെത്തുന്നവരുടെ മനം കവർന്ന് പൂമ്പാറ്റകളുടെ ദേശാടനം. പൈതൽമലയിൽ നിന്നൊഴുകിയെത്തുന്ന നീർച്ചോലകളിലൂടെ നൂറുകണക്കിന് ശലഭങ്ങൾ ദേശാടനം നടത്തുന്നുണ്ട്.
തോട് കടന്നുപോകുന്ന കുടിയാന്മല, ചെമ്പേരി, അരീക്കമല ഭാഗങ്ങളിലും പൂമ്പാറ്റകൾ എത്തുന്നുണ്ട്. തണുപ്പുള്ള ചരലും മണലുമടിഞ്ഞ തുരുത്തുകളിൽ കൂട്ടമായി ചെളിയൂറ്റലിൽ ഏർപ്പെട്ടിരിക്കുന്ന ശലഭക്കൂട്ടങ്ങൾ ഉണ്ട്. ഉച്ചയ്ക്ക് മുൻപുള്ള സമയങ്ങളിലാണ് കൂടുതലായി ശലഭങ്ങൾ എത്തുന്നത്. ആൽബട്രോസ്, ചോക്ലേറ്റ് ആൽബട്രോസ് ഇനത്തിലുള്ളവയാണ് കൂടുതൽ. ചോക്ലേറ്റ് നിറമുള്ള ചിറകാണ് ചോക്ലേറ്റ് ആൽബട്രോസിന്റെ പ്രത്യേകത. കരിങ്കുറിഞ്ഞി, ശലഭലാർവയുടെ ആഹാര സസ്യമാണ്. പശ്ചിമഘട്ടത്തിൽ കരിങ്കുറിഞ്ഞിയുടെ സാന്നിധ്യം ധാരാളമുള്ളത് ചോക്ലേറ്റ് ശലഭങ്ങളുടെ ദേശാടനത്തിന് അനുകൂലഘടകമാണ്. പൈതൽമലയിലെ നീരുറവകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലും പൂമ്പാറ്റകൾ ധാരാളമെത്തുന്നതായി ശലഭനിരീക്ഷകർ പറയുന്നു. കർണാക അതിർത്തിയിലെ വായക്കമ്പത്തോട്, കാർത്തികപുരം പുഴ, വെള്ളാട് പുഴ തുടങ്ങിയ സ്ഥലങ്ങളിലും ശലഭങ്ങളുടെ ദേശാടനമുണ്ട്. വിലാസിനി, നീലക്കുടുക്ക, തകരമുത്തി, മേപ്പ് ശലഭം തുടങ്ങിയവയും ഇടകലർന്ന് ചെളിയൂറ്റൽ നടത്തുന്നതും കാണാം. ചൂടുള്ള കാലാവസ്ഥയിൽ പശ്ചിമഘട്ടത്തിലെ ആർദ്രവനങ്ങളിൽ ഈ ദേശാടന ശലഭങ്ങൾ കൂട്ടങ്ങളായി മാസങ്ങളോളം കാണപ്പെടാറുണ്ട്. വർഷം മുന്നൂറുമുതൽ അഞ്ഞൂറ് കിലോമീറ്റർവരെ ദൂരമാണ് ഇത്തരം ശലഭങ്ങളുടെ ദേശാടനം.
സെപ്‌റ്റംബർ, നവംബർ മാസങ്ങളിലാണ് സാധാരണ ദേശാടനം തുടങ്ങുന്നത്. ഇത്തവണ ജനുവരി തീരാറായിട്ടും ഇവ നീർച്ചോലകളുടെ ഓരങ്ങളിൽ കൗതുകമായി പറന്നുനടക്കുകയാണ്.
Post a Comment