നെയ്യാറ്റിൻകരയിൽ പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; പ്രതികൾ രക്ഷപ്പെട്ടു


തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്റ്റേഷന് നേരേ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി കത്തിച്ച്  പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് കത്തിച്ച് പോലീസ് സ്റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രതികൾ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല. 
ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികൾ കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 
എന്തു പ്രകോപനത്തിന്റെ പുറത്താണ് ഇവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post