ദേശീയപാത വികസനം: കുപ്പത്ത് പുതിയ പാലം പണി തുടങ്ങി



തളിപ്പറമ്പ് : ദേശീയപാത ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമിക്കാൻ കുപ്പം പുഴക്കരയിൽ പൈലിങ് തുടങ്ങി. ഞായറാഴ്ചയാണ് പണി തുടങ്ങിയത്.

കുപ്പംപാലത്തിനു സമാന്തരമായി കടവിനു സമീപമാണ് പുതിയ പാലം പണിയുന്നത്. അഞ്ച് സ്പാനുകളുണ്ടാകും. 27 മീറ്ററോളം ആഴത്തിൽ പുഴയിൽ പാറ കണ്ടെത്താനാകുമെന്നാണ് എൻജിനീയർമാർ പറയുന്നത്. 10 മീറ്ററോളം പൈലിങ് പൂർത്തിയായി. തുടർപ്രവൃത്തിയായി ഒരു മാസത്തിനു ശേഷം ഭാരപരിശോധന നടത്തും. ഇത്തരം സാങ്കേതികപ്രവൃത്തികളല്ലാം കഴിഞ്ഞ് പാലത്തിന്റെ തൂണുകളുടെ പണി തുടങ്ങാൻ മൂന്നോ നാലോ മാസം വേണ്ടിവരും. 
കുറ്റിക്കോൽ-കീഴാറ്റൂർ വഴി  കണിക്കുന്ന് കയറിയിറങ്ങിയാണ് ദേശീയപാത ബൈപ്പാസ് കുപ്പത്ത് എത്തിച്ചേരുന്നത്. പുഴയുടെ ഇരുകരകളിലും പാലത്തിന്റെ അനുബന്ധറോഡുകളുടെ പ്രവൃത്തിയും ഇതോടൊപ്പമാരംഭിച്ചു. 1959-ലാണ് ദേശീയപാതയിൽ കുപ്പത്ത് ഇപ്പോഴുള്ള പാലം പൂർത്തിയായത്. അതുവരെ തോണികളും ചങ്ങാടവും ഉപയോഗിച്ചായിരുന്നു പയ്യന്നൂർ ഭഗത്തുനിന്നുള്ള യാത്രക്കാർ പുഴകടന്ന് തളിപ്പറമ്പിലെത്തിയത്. 
   നിർമാണത്തിലിരിക്കുന്ന ബൈപ്പാസ് റോഡും പുതിയപാലവും കുപ്പം കടവ് ഭാഗത്ത് വികസനക്കുതിപ്പേകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പുഴയാത്രയുടെ ഭാഗമായി കടവിൽ ബോട്ടുജെട്ടികളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഉല്ലാസബോട്ട് യാത്രക്കാർക്കുള്ള സൗകര്യങ്ങളും ഭാവിയിൽ കുപ്പംകടവിലൊരുങ്ങും. ദേശീയപാത ബൈപ്പാസിൽ പുതിയപാലത്തെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ വരവേൽക്കുന്നത്.

Post a Comment

Previous Post Next Post