കെ റെയിൽ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം , മന്ത്രിയുടെ പരിപാടിയിൽ സംഘർഷം


കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന ജനസമക്ഷം കെ റെയില്‍ പരിപാടിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ പ്രസംഗം അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പരിപാടി നടക്കുന്ന ദിനേശ് ഓഡിറ്റോറിയത്തിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.തങ്ങളുടെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ ഇന്നും സംഘർഷമുണ്ടായി.

Post a Comment

Previous Post Next Post