ആലക്കോട് : തളിപ്പറമ്പ് -ആലക്കോട് -കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളിയിൽ സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ മാലിന്യം കൂന്പാരമാകുന്നതിനൊപ്പം അപകടവും പതിവാകുന്നു. മലയോരമേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, മഞ്ഞപ്പുല്ല്, വായിക്കന്പ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾ ഒടുവള്ളിക്ക് സമീപം റോഡിനിരുവശവും വാഹനങ്ങൾ നിർത്തി പ്രകൃതി ഭംഗി ആസ്വദിക്കാൻ നിൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച പോലും വൻ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്.
സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ തന്നെ തള്ളുന്നതിനൊപ്പം രാത്രിയിൽ പഴം-പച്ചക്കറി മത്സ്യമാംസാദികൾ അടക്കമുള്ളവയുടെ മാലിന്യവും വാഹനങ്ങളിൽ കൊണ്ടു വന്നു തള്ളുന്നുണ്ട്. ഇതിനെതിരെ നടപടി എടുക്കുവാൻ അധികൃതർ ശ്രമിക്കുന്നുമില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികൾ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളെ നിയന്ത്രിക്കണമെന്നും കർശനമായ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ചപ്പാരപ്പടവ് പഞ്ചായത്ത് ലക്ഷങ്ങൾ ചിലവഴിച്ച് ഈ പ്രദേശത്ത് നിർമിച്ച സോളാർ വഴിവിളക്കുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിലാണ്. സോളാർ വിളക്കിന്റെ ബാറ്ററിയും പാനലും അടക്കം നഷ്ടപ്പെട്ട നിലയിലുമാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഇവിടെ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണ്.
Post a Comment