അംഗീകരിക്കില്ല, അപ്പീൽ നൽകുമെന്ന് മുൻകോട്ടയം എസ്പി, വിധി വിശ്വസിക്കാനാകാതെ പ്രോസിക്യൂഷനും

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി  അംഗീകരിക്കാൻ സാധിക്കാത്തതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ് പി ഹരിശങ്കർ. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവർത്തിച്ചു. 

കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ  ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി  ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം  വിശദീകരിച്ചു.

Post a Comment

Previous Post Next Post