ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന് മൊഴി



കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ പുറത്ത് പോയ സംഭവവുമായി ബന്ധപ്പെട്ട്, ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരേ കേസ്. യുവാക്കൾ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും മദ്യം  നൽകിയെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ഇതോടെ  സംഭവത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ കേസിൽ പ്രതികളാവും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ എന്നിവ ചേർത്താണ് യുവാക്കൾക്കെതിരേ കേസെടുക്കുക. കുട്ടികളെ  ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയായിരുന്നു വെള്ളിമാട്കുന്ന് ചിൽഡ്രൻസ്  ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ കടന്നുകളഞ്ഞത്. പിന്നീട് ഇവരെ ബെംഗളൂരുവിൽ വെച്ച് കണ്ടെത്തി. പെൺകുട്ടികൾക്ക് വേണ്ടി ബെംഗളൂരൂവിലെ മഡിവാളയിൽ മുറി ബുക്ക് ചെയ്തത് ഈ യുവാക്കളായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മഡിവാളയിൽ ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെൺകുട്ടിയെ ഹോട്ടലിന് സമീപത്ത് വെച്ചും മറ്റൊരാളെ മാണ്ഡ്യയിൽ  വെച്ചും മറ്റ് നാല്  പേരെ മലപ്പുറം എടക്കരയിൽ വെച്ചും  പോലീസ് പിടികൂടി. യുവാക്കളെ  കാണാനായിരുന്നു പെൺകുട്ടികൾ നിലമ്പൂരിലേക്ക്  പുറപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ  പ്രേരണയിലാണോ പെൺകുട്ടികൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. 
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികൾ പോലീസിനോടു പറഞ്ഞത്. സ്ഥലങ്ങൾ കാണാനായി പോയെന്നാണ് ആദ്യം മൊഴി നൽകിയത്. കൈയിൽ പണവും മൊബൈൽഫോണും ഒന്നും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലുള്ള യുവാക്കളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ അറിയിച്ചു. ആറു കുട്ടികളിൽ ഒരാളെ വീട്ടുകാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ ചിൽഡ്രൻസ് ഹോമിലേക്ക് തിരിച്ചുപോകില്ലെന്നും തങ്ങൾക്കെല്ലാവർക്കും ഒരുമിച്ച് പഠിക്കാൻ സൗകര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post