'കെ-ഫോൺ ഇങ്ങെത്തി'; ഓരോ മണ്ഡലത്തിലും 100 കുടുംബങ്ങൾക്കുവീതം സൗജന്യ കണക്ഷൻ- മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാൻ ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് കെ ഫോൺ അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും 2022 മെയിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കേരളത്തിന്റെ കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണെന്നും ആ അനുഭവം തെറ്റല്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കെ-ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പദ്ധതിയുടെ പൂർത്തീകരണത്തോടെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ 2600 കിമീ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിമീ പൂർത്തിയായി. 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. 75 പോപ്പുകളിൽ (POP - Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്. 
NOC (Network Operating Centre) -ന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു. എൻഡ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021 ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ സജ്ജമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post