പ്രണയം നടിച്ച്‌ യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; അപര്‍ണയും ആണ്‍സുഹൃത്തും കുടുങ്ങിയത് ഇങ്ങനെ..

കളമശ്ശേരി: പ്രണയം നടിച്ച്‌ യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്ത യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍.എളമക്കര ചെമ്മാത്ത് വീട്ടില്‍ സി.എസ്. അപർണ (20), എടയ്ക്കാട്ടുവയല്‍ പടിഞ്ഞാറേ കൊല്ലംപടിക്കല്‍ പി.എസ്. സോജൻ (25) എന്നിവരെയാണ് മുളന്തുരുത്തിയില്‍നിന്നും പൊലീസ് പിടികൂടിയത്. ഇരുപത്തിനാലുകാരനായ യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണുമാണ് അപർണ സൗഹൃദം നടിച്ച്‌ തട്ടിയെടുത്തത്.
വാട്സാപ്പ് ചാറ്റിലൂടെയാണ് അപർണ ഇരുപത്തിനാലുകാരനുമായി സൗഹൃദം സ്ഥാപിച്ചത്. ഇരുവരും തമ്മില്‍ ഫോട്ടോ പോലും കൈമാറാതെയായിരുന്നു സൗഹൃദം. തുടർന്ന് നേരില്‍ കാണാൻ തീരുമാനിക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച്‌ ഇടപ്പള്ളിയിലെ മാളില്‍ ഇരുവരും കണ്ടുമുട്ടിയതോടെയാണ് അപർണ യുവാവിന്റെ ഫോണും സ്കൂട്ടറുമായി കടന്നുകളഞ്ഞത്.
സ്കൂട്ടറിലാണ് യുവാവ് അപർണയെ കാണാനെത്തിയത്. യുവതി പറഞ്ഞ കടയ്ക്കു മുന്നിലാണ് ഇയാള്‍ സ്കൂട്ടർ വെച്ചത്. യുവതി മാളിലെത്തി യുവാവിനൊപ്പം കുറേ സമയം ചെലവഴിക്കുകയും തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ കയ്യില്‍നിന്ന്‌ മൊബൈല്‍ ഫോണും സ്കൂട്ടറിന്റെ താക്കോലും യുവതി കൈക്കലാക്കി. തന്ത്രപൂർവം ഫോണിന്റെ പാസ്‌വേഡും മനസ്സിലാക്കി. യുവാവ് കൈകഴുകാൻ പോയ സമയം ഫോണും സ്കൂട്ടറിന്റെ താക്കോലുമായി യുവതി മുങ്ങി. പുറത്ത് കാത്തുനിന്ന സോജനൊപ്പം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു.

Post a Comment

Previous Post Next Post