ആലപ്പുഴയില്‍ ഉയരപ്പാത നിര്‍മാണത്തിനിടെ അപകടം; പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡറുകള്‍ വീണു, ഡ്രെെവര്‍ക്ക് ദാരുണാന്ത്യം


ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രെെവർക്ക് ദാരുണാന്ത്യം.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. മൂന്നര മണിക്കൂറിന് ശേഷമാണ് ഗർഡർ ഉയർത്തി മൃതദേഹം പുറത്തെടുത്തത്.
എൻപത് ടണ്‍ ഭാരമുള്ള രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാനില്‍ പതിച്ചത്. പുതിയ ഗർഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മുട്ട കയറ്റി വരികയായിരുന്നു പിക്കപ്പ് വാൻ. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ്പ് വാനിന്റെ സ്ഥിരം ഡ്രെെവർ അല്ല. സ്ഥിരമായി ഓടിക്കുന്ന ഡ്രെെവർ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാൻ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നുവെന്നാണ് വിവരം. രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Post a Comment

Previous Post Next Post