ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 9 പേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസില്‍ദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയില്‍ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നായിബ് തഹസില്‍ദാറും കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരം.സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment