ചപ്പാരപ്പടവ് : ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വില്‍ക്കാൻ കർഷക കൂട്ടായ്മ. തളിപ്പറമ്ബ്-കൂർഗ് അതിർത്തി റോഡില്‍ നാടുകാണിയിലാണ് പച്ചക്കറിത്തോട്ടത്തില്‍ നിന്ന് വിളവെടുത്തയുടൻ വില്പനക്കെത്തിക്കുന്ന കർഷകരുള്ളത്.പന്നിയൂർ സ്വദേശികളായ ചന്ദ്രികയും സാഹിദയും നാരായണിയും യശോദയും ഇബ്രാഹിമും കൃഷ്ണനുമാണ് ഈ കർഷകർ. കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ വയലിലാണ് കൃഷി.
താത്കാലിക പന്തല്‍ കെട്ടി വില്‍ക്കുന്ന പച്ചക്കറികള്‍ ജൈവ രീതിയില്‍ വിളയിച്ചതാണെന്ന് ഇവർ പറയുന്നു. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് പയർ, വെള്ളരി, കക്കിരി, കുമ്ബളം, മത്തൻ, ചേന എന്നിവ കൃഷി ചെയ്തത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൻതോതില്‍ പച്ചക്കറി എത്തിത്തുടങ്ങിയതോടെ മാർക്കറ്റില്‍ വില കുറഞ്ഞു. ഇതാണ് നേരിട്ടുള്ള കച്ചവടത്തിനിറങ്ങാൻ കാരണം. ഇടനിലക്കാരൊഴിവാകുമ്ബോള്‍ ന്യായ വിലയ്ക്ക് ആവശ്യക്കാർക്ക് കൊടുക്കുവാനും കഴിയുന്നുണ്ട്.
കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പായി പ്രവർത്തിക്കുന്നതിനാല്‍ വായ്പ എടുത്താണ് കൃഷിപ്പണികള്‍ ചെയ്യുന്നത്. 10 വർഷമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. കോവിഡിനു ശേഷമാണ് നേരിട്ടു വില്പനക്കിറങ്ങുന്നത്.പയറിന് 50 രൂപയും കക്കിരി, വെള്ളരി, കുമ്ബളം, മത്തൻ, ചേന എന്നിവയ്ക്ക് 30 രൂപയുമാണ് വില. വാഹനങ്ങള്‍ നിർത്തിയിടാനും മറ്റും സൗകര്യമുള്ള സ്ഥലമായതിനാല്‍ നല്ല കച്ചവടം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
ഓണക്കാലത്ത് ചെണ്ടുമല്ലിയും വാടാർ മല്ലിയും കൃഷി ചെയ്തിരുന്നു. ഇപ്പോഴും പൂക്കള്‍ ബാക്കിയുണ്ട്. ആവശ്യക്കാർക്ക് നല്‍കാനും തയാറാണിവർ.
Post a Comment