മാഹി ബസിലിക്ക തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷത്തിന് കൊടിയേറി

മാഹി: തീർഥാടന കേന്ദ്രമായ മാഹി ബസിലിക്ക ദേവാലയത്തില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി.ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് അള്‍ത്താരയിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാള്‍ ആഘോഷം വിളിച്ചറിയിച്ച്‌ മാഹി നഗരസഭ ഓഫീസില്‍നിന്ന് പ്രത്യേക സൈറണ്‍ മുഴങ്ങി.കൊടിയേറ്റുദിനമായ ഇന്നലെ തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തിരുസ്വരൂപത്തെ വണങ്ങി പൂമാലകള്‍ അർപ്പിക്കാനും മെഴുകുതിരി തെളിക്കാനും സ്ത്രീകളും കുട്ടികളുമടക്കമുള്ള തീർഥാടകർ നേരത്തെ എത്തിയിരുന്നു. തിരുസ്വരൂപ പ്രതിഷ്ഠയോടെ ദേവാലയത്തിനകത്ത് വൻ തിരക്കനുഭവപ്പെട്ടു. വൈകുന്നേരം ആറിന് റവ. ഡോ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തില്‍ ദിവ്യബലിയും നൊവേനയും നടന്നു. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷം.

ഇന്ന് ഫാ. സനല്‍ ലോറൻസ്, നാളെ ഫാ. ജോസഫ് കൊട്ടിയത്ത്, എട്ടിന് ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്ബില്‍, ഒന്പതിന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടില്‍ 10 ന് ഫാ. എസ്.
ഡേവിഡ് സഹായ രാജ് ,11 ന് ഫാ. ആൻസില്‍ പീറ്റർ, 12 ന് കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, 13 ന് ഫാ. ജോണ്‍സണ്‍ അവരേവ എന്നിവരുടെ കാർമികത്വത്തില്‍ ദിവ്യബലി അർപ്പിക്കും,

14ന് തിരുനാള്‍ ജാഗരണ ദിനത്തില്‍ രാവിലെ ഏഴിനും ഒന്പതിനും ഫാ.വിമല്‍ ഫ്രാൻസിസ് ദിവ്യബലി അർപ്പിക്കും വൈകുന്നേരം 5.30ന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെൻസണ്‍ പുത്തൻ വീട്ടില്‍ ദിവ്യബലി അർപ്പിക്കും. രാത്രി അലങ്കരിച്ച തേരില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം.

15ന് പുലർച്ചെ ഒന്നു മുതല്‍ രാവിലെ ആറു വരെ ഭക്തരുടെ നേർച്ചയായ ശയനപ്രദക്ഷിണം. രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിക്ക് കോഴിക്കോട് ആർച്ച്‌ബിഷപ് റവ. ഡോ. വർഗീസ് ചക്കാലക്കല്‍ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളില്‍ സ്നേഹസംഗമം നടക്കും.18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22 ന് ഉച്ച കഴിഞ്ഞ് സമാപിക്കും.

16ന് രാവിലെ ആറിന് ഫാ. ആന്‍റണി പിന്‍റോ കൊങ്കിണി ഭാഷയില്‍ ദിവ്യബലി അർപ്പിക്കും. 17 ന് ഫാ. വിക്ടർ മെൻഡോണ്‍സ, 18 ന് ഫാ. ബെന്നി മണപ്പാട്ട്, 19 ന് ഫാ.സൈമണ്‍ പീറ്റർ, ഫാ.ജോസഫ് അനില്‍, തലശേരി അതിരൂപത ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം ആറിന് സീറോ മലബാർ റീത്തില്‍ ഫാ. ജോസ് യേശുദാസ് ദിവ്യബലി അർപ്പിക്കും. 20ന് ഫാ. ലിബിൻ ജോസഫ് കോളരിക്കല്‍, ഫാ. ജെർലിൻ ജോർജ്, ഫാ. അജിത്ത് ആന്‍റണി ഫെർണാണ്ടസ് എന്നിവരും 21 ന് ഫാ. ജിയോലിൻ എടേഴത്ത്, 22 ന് സമാപന ദിവസം രാവിലെ ഒന്പതിന് ഫാ. ബിബിൻ ബെനറ്റ് എന്നിവരും ദിവ്യബലി അർപ്പിക്കും. തുടർന്ന് 10.30 ന് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ കാർമികത്വത്തില്‍ ദിവ്യബലി.

തീർഥാടകർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ മാഹി കോളജ് ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കുർബാന നിയോഗം നല്‍കുന്നതിനും അടിമവയ്ക്കുന്നതിനും നേർച്ചകള്‍ സമർപ്പിക്കുന്നതിനും കുമ്ബസാരത്തിനും എല്ലാ ദിവസവും സൗകര്യമുണ്ടായിരിക്കും.

Post a Comment

Previous Post Next Post