കാഞ്ഞങ്ങാട്: തിരുവോണം ബംപര്‍ ലോട്ടറിയില്‍ മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ വി.ജി.ബാബുവിന്. കാഞ്ഞങ്ങാട് നയാബസാറിലെ മൂകാംബിക ലോട്ടറി ഏജന്‍സി വില്പന നടത്തിയ ടിഇ 605483 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
കഴിഞ്ഞ 17 വര്‍ഷമായി പതിവായി ലോട്ടറിയെടുക്കുന്ന ശീലം ബാബുവിനുണ്ട്. മുമ്ബ് 25,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. മൂകാംബിക ലോട്ടറി സ്റ്റാള്‍ ഉടമ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി കെ. സുധാകരനോട് ഫോണില്‍ വിളിച്ചുപറഞ്ഞാണ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ തൃശൂരില്‍നിന്നു കൂടി ഒരു ടിക്കറ്റ് എടുത്തിരുന്നതായി ബാബു പറഞ്ഞു. കാല്‍നൂറ്റാണ്ടായി കാഞ്ഞങ്ങാട് നഗരത്തില്‍ സ്വന്തം ആംബുലന്‍സുമായി രാവും പകലുമില്ലാതെ സദാ സേവനസന്നദ്ധനാണ് ബാബു. തായന്നൂര്‍ സ്വദേശിയായ ഈ 49കാരന്‍ ജോലി ആവശ്യാര്‍ഥം കാഞ്ഞങ്ങാട് വാടകയ്ക്കാണ് താമസിക്കുന്നത്. ഭാര്യ അംബിക കാഞ്ഞങ്ങാട് കുശവന്‍കുന്ന് എച്ച്‌ആര്‍എസ് മെഡിക്കല്‍ സെന്‍ററിലെ ലാബ് ടെക്‌നീഷനാണ്.
മക്കളായ അനഘ പെരിയ അംബേദ്കര്‍ കോളജിലെ ബിഎഡ് വിദ്യാര്‍ഥിനിയും അനാമിക കാഞ്ഞങ്ങാട് എസ്‌എന്‍ പോളിടെക്‌നിക് കോളജിലെ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയുമാണ്. "നാട്ടില്‍ വീടുവച്ചതിന്‍റെ കടബാധ്യതകളുണ്ട്. അതു തീര്‍ക്കണം. പിന്നെ മക്കളെ നന്നായി പഠിപ്പിക്കണം.'-ബാബു പറഞ്ഞു.
Post a Comment