കണ്ണൂർ: കണ്ണൂർ കല്യാടുള്ള വീട്ടില്‍ നിന്ന് സ്വർണവും പണവും മോഷണം പോയ സംഭവത്തിലും, മരുമകള്‍ ദർശിത കൊല്ലപ്പെട്ട കേസിലും നിർണായക വഴിത്തിരിവ്.സംഭവവുമായി ബന്ധപ്പെട്ട് കർണാടക സിംഗപട്ടണം സ്വദേശിയായ മഞ്ജുനാഥ് എന്ന മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ദർശിത മോഷ്ടിച്ച പണം ഇയാള്‍ക്ക് കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, വീട്ടിലെ പ്രേതബാധ ഒഴിപ്പിക്കുന്നതിനായി രണ്ടര ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്നാണ് മഞ്ജുനാഥിന്റെ മൊഴി.
ഓഗസ്റ്റ് 22-നാണ് കല്യാടുള്ള വീട്ടില്‍ നിന്ന് 30 പവൻ സ്വർണവും നാലര ലക്ഷം രൂപയും മോഷണം പോയത്. മോഷണം നടന്ന അതേ ദിവസം തന്നെ ദർശിത മകളെയും കൂട്ടി വീടു പൂട്ടി കർണാടകയിലേക്ക് പോയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകം, കർണാടകയിലെ ഒരു ലോഡ്ജില്‍ ദർശിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.കർണാടകയിലെ സാലിഗ്രാമിലെ ലോഡ്ജില്‍ വെച്ച് ദർശിതയും സുഹൃത്ത് സിദ്ധരാജും തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടർന്ന് സിദ്ധരാജു ദർശിതയുടെ വായില്‍ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ സിദ്ധരാജുവിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രവാദിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.
Post a Comment